ഈന്തപ്പഴത്തിന്‍റെ മറവിലും കടത്തിയത് സ്വര്‍ണ്ണമോ….?. സംശയം ബലപ്പെടുന്നു.

Print Friendly, PDF & Email

യുഎഇ കോൺസുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനാഥാലയങ്ങളിലെയും സ്പെഷ്യൽ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്ന് അന്നത്തെ സാമൂഹിക നീതി ഡയറക്ടർ ടി.വി അനുപമ  കസ്റ്റംസിന് മൊഴി നൽകിയതോടെ ഈന്തപ്പഴത്തിന്‍റെ മറവിലും സ്വര്‍ണ്ണം കടത്തിയോ എന്ന  സംശയം ബലപ്പെടുകയാണ്.  യാതൊരു മുന്‍ സൂചനയും ഇല്ലാതെ ഈന്തപ്പഴം വിതരണത്തിന്റെ ഉദ്ഘാടന ദിവസം രാവിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ്  ശിവശങ്കര്‍ വാക്കാലുള്ള നിർദ്ദേശം നൽകിയത്. കോൺസുലേറ്റുമായി കരാറോ ധാരണയോ ഉണ്ടായിരുന്നുവോ എന്ന് തനിക്കറിയില്ല എന്ന് അനുപമ പറയുന്നു. ജില്ലയില്‍ വിതരണം ചെയ്തതിന്‍റെ രേഖകളും അനുപമ കസ്റ്റംസിന് കൈമാറി.  2017 മേയിൽ കോൺസുൽ ജനറലും സ്വപ്നയും പങ്കെടുത്ത മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

2017ൽ യുഎഇ വാർഷികദിനത്തോടനുബന്ധിച്ച് 17,000 കിലോ ഈന്തപ്പഴമാണ് കേരളത്തിലെത്തിച്ചത്.  250 ഗ്രാം വച്ച് 40,000 കുട്ടികൾക്ക് നൽകുന്നതിനാണെന്നാണ് കോൺസുലേറ്റ് വ്യക്തമാക്കിയിരുന്നത്. 9000കിലോഗ്രാം ഈന്തപ്പഴം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തതായാണ് രേഖകൾ. ശേഷിച്ച 8000കിലോഗ്രാം ആർക്കൊക്കെ നൽകിയെന്ന് വ്യക്തമല്ല. ഇവിടെയാണ് സംശയങ്ങള്‍ ഉയരുന്നത്. കൊച്ചി തുറമുഖത്തു കണ്ടെയ്നറിലെത്തിയ ഈന്തപ്പഴം വാങ്ങാൻ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും അവരുടെ ബിസിനസ്‍ പങ്കാളിയായ പിഎസ് ശരത്തും നേരിട്ടെത്തി കൈപ്പറ്റുകയായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. യുഎഇ ഭരണാധികാരിയുടെ സമ്മാനാണിതെന്നാണ് അന്ന് സ്വപ്നയും സംഘവും മാദ്ധ്യമങ്ങളിൽ വാർത്ത നൽകിയത്. ഇങ്ങനെ കൊണ്ടുവന്ന ഈന്തപ്പഴം ഒഴിവാക്കുവാനനുള്ള വഴികണ്ടെത്തിയത് ശിവശങ്കറാണെന്ന് അനുപമയുടെ മൊഴിയില്‍ നിന്നു തന്നെ തെളിയുന്നു. അതിന് മുഖ്യമന്ത്രിയും കൂട്ടുനില്‍ക്കുന്നു. സ്വര്‍ണ്ണ കടത്തിന്‍റെ അതേ രീതി തന്നെയാണ് ഈന്തപ്പഴ കടത്തിലും നടന്നിട്ടുള്ളതെന്ന് വ്യക്തം. അതിനാല്‍ തന്നെ ഈന്തപ്പഴകടത്തും സ്വര്‍ണ്ണകടത്തിന് മറയാക്കിയോ എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *