ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ച ദൈവ നിശ്ചയം – നിര്‍മ്മല സീതാരാമന്‍. ‘ദൈവത്തെ വെറുതേ വിടൂ നിര്‍മ്മലേ…’

Print Friendly, PDF & Email

അവസാനം രാജ്യത്തിന്‍റെ സാമ്പത്തിക തകര്‍ച്ചയുടെ മൂല കാരണം നമ്മുടെ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ കണ്ടെത്തിയിരിക്കുന്നു. അത് മറ്റൊന്നുമല്ല, ദൈവ നിശ്ചയം ആണ് പോലും…!!!. ഈ വര്‍ഷം നമ്മള്‍ അസാധാരണമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. ദൈവ പ്രവൃത്തിയെയാണ് നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കാരണം കോവിഡ് ദൈവനിശ്ചയമാണ്. അത് സാമ്പത്തിക ഞെരുക്കത്തിന് കാരണമായേക്കാം. ഇന്നലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ വിചിത്രമായ ഈ പുതിയ തിയറി അവതരിപ്പിച്ചത്. കോവിഡ് മഹാമാരി ജി.എസ്.ടി വരുമാനത്തെ ബാധിച്ചുവെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2.35 ലക്ഷം കോടിയുടെ കുറവുണ്ടായെന്നും അവര്‍ പറയുന്നു.

സ്വന്തം പിടിപ്പുകേട് കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയ ഇന്ത്യന്‍ സമ്പത് വ്യവസ്ഥയെ ദൈവത്തില്‍ പഴിചാരി രക്ഷപെടുന്ന മൂന്നാം കിട പൗരോഹിത്യ തന്ത്രമാണ് ധനകാര്യമന്ത്രി ഇപ്പോള്‍ പയറ്റുന്നത്. കൊറോണ രാജ്യത്തിന്‍റെ സാമ്പത്തിക മേഖലക്ക് വന്‍ തിരച്ചടി ഉണ്ടാക്കി എന്ന ധനകാര്യ മന്ത്രിയുടെ വാദം അമ്പേ തെറ്റാണ്. കാരണം, കൊറോണ മഹാമാരി രാജ്യത്ത് പൊട്ടിപുറപ്പെടുന്നതിനു മുമ്പുതന്നെ രാജ്യത്തിന്‍റെ സാമ്പത്തിക മേഖല പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞിരുന്നു. കൂനിന്മേല്‍ കുരുവെന്നവണ്ണം കോവിഡ് മഹാമാരി അതിന്‍റെ ആഘാതം വര്‍ദ്ധിപ്പിച്ചുവെന്നു മാത്രം.

ഇത് വെറുതെ പറയുന്നതല്ല. കഴിഞ്ഞ ആറേഴു വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിരക്കു മാത്രം എടുത്തു നോക്കിയാല്‍ മതി കേന്ദ്ര സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയുടെ തീവ്രത അറിയുവാന്‍. അടുത്ത കാലത്ത് ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയായ 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യയെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ സംരക്ഷിച്ചു നിര്‍ത്തിയ മന്‍മോഹന്‍സിങ്ങില്‍ നിന്ന് മോദി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത 2014ല്‍ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് 7.4% ആയിരുന്നു. മുന്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക നയത്തിന്‍റെ പ്രതിഫലനമെന്നോണം തൊട്ടടുത്ത വര്‍ഷം 2015ല്‍ 7.99% വും 2016ല്‍ 8.17% വും ആയിരുന്നു വളര്‍ച്ചാ നിരക്ക്. എന്നാല്‍ 2016 നവംബര്‍ 8 ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സു(കു)പ്രസിദ്ധമായ നോട്ടു നിരോധന പ്രഖ്യാപനം രാജ്യത്തിന്‍റെ സാമ്പത്തിക ശിരസ്സിലേറ്റ ആദ്യത്തെ താണ്ഡവമായിരുന്നു.

അതിന്‍റെ പ്രത്യാഘാതം തൊട്ടടുത്ത വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാ നിരക്കില്‍ കാണാന്‍ കഴിയും. 2017ല്‍ വളര്‍ച്ചാ നിരക്ക് 6.6%മായി കുറഞ്ഞു. രാജ്യം ഭരിക്കുന്ന ബിജെപിക്കും അവരെ പിന്താങ്ങുന്ന അംബാനി, അദാനി തുടങ്ങിയ പഞ്ചകോര്‍പ്പറേറ്റുകള്‍ക്കും ഒഴികെ രാജ്യത്തെ ചെറുതും വലുതുമായ മറ്റ് കമ്പനികള്‍ എല്ലാംതന്നെ പ്രതിസന്ധിയിലായി. ലക്ഷക്കണക്കിനു പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. യാതൊരു പഠനമോ മുന്നൊരുക്കമോ കൂടാതെയുള്ള മോദിസര്‍ക്കാരിന്‍റെ എടുത്തു ചാട്ടത്തിന്‍റെ മറ്റൊരാഘാതം ഇന്ത്യന്‍ ജനതയെ കാത്തിരിക്കുന്നുണ്ടായിരുന്നു.

2017 ജൂലൈയില്‍ രാജ്യത്തെ നികുതിസംമ്പ്രദായത്തില്‍ സമൂല മാറ്റം വരുത്തി ജിഎസ് ടി പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ സാമ്പത്തിക രംഗം അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടിലായി. അതിന്‍റെ ദുരന്തഫലം തൊട്ടടുത്ത വര്‍ഷത്തെ വളര്‍ച്ചാ നിരക്കില്‍ കാണാന്‍ കഴിയും. 2019 ആയപ്പോഴേക്കും വളര്‍ച്ചാ നിരക്ക് 5 ശതമാനമായി കുറഞ്ഞു. 2020 ആയപ്പോഴേക്കും, കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായ 4.5 ശതമാനത്തിലെത്തി നില്‍ക്കുന്നു. ഇത് സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 3.5ത്തില്‍ താഴെയാണ് രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്കെത്തിയെന്നാണ് പല സാമ്പത്തിക വിദഗ്ധരും പറഞ്ഞിരുന്നു എന്നത് മറ്റൊരു സത്യം. അന്തര്‍ ദേശീയ റെയിറ്റിങ് ഏജന്‍സിയായ മൂഡ് സ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 2 ശതമാനത്തിലേക്ക് എത്തുമെന്ന് പ്രവചിച്ചിരുന്ന സാഹചര്യത്തിലാണ് നോവല്‍ കൊറോണയുടെ വ്യാപനം രാജ്യത്ത് ആരംഭിക്കുന്നത്.

ജിഡിപി 1% കുറയുക എന്നു വച്ചാല്‍ ഏതാണ്ട് 2.5 ലക്ഷം കോടി രൂപയുടെ കുറവാണ് രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയില്‍ പ്രതിഫലിക്കുക എന്നറിയുമ്പോഴാണ് രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ വലുപ്പം തിരിച്ചറിയുക. എന്നു വച്ചാല്‍, കൊറോണ കാലത്തിനു മുമ്പു തന്നെ മോദി സര്‍ക്കാരിന്‍റെ പിടിപ്പുകേടുകൊണ്ട് ഏതാണ്ട് 11ലക്ഷം കോടിയുടെ നഷ്ടം ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഉണ്ടായി കഴിഞ്ഞിരുന്നുവെന്ന് അര്‍ത്ഥം. ധനകാര്യ മന്ത്രി ഇന്നലെ പറഞ്ഞ കണക്കു പ്രകാരം കോവിഡ് മഹാമാരി ഇന്ത്യന്‍ സമ്പത് രംഗത്ത് 2.35 ലക്ഷം കോടിയുടെ മാത്രം കുറവാണ് വരുത്തിയിരിക്കുന്നത്. എന്നാല്‍ അതിനു മുമ്പുതന്നെ രാജ്യത്ത് 11ലക്ഷം കോടിയുടെ കുറവ് വന്നുകഴിഞ്ഞിരുന്നു. 11ലക്ഷം കോടി എവിടെ കിടക്കുന്നു…? നിര്‍മ്മല സീതാരാമന്‍റെ 2.35 ലക്ഷം കോടി എവിടെ കിടക്കുന്നു…!.

നിര്‍മ്മല സീതാരാമന്‍റെ 2.35 കോടിയുടെ നഷ്ടം പോലും ദൈവനിശ്ചയത്താല്‍ ഉണ്ടായതല്ല. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കേവലം 500ല്‍ താഴെ മാത്രം ഉണ്ടായിരുന്ന സമയത്താണ് പാതിരാത്രിയിലെ ലോക്‍ഡൗണ്‍ പ്രഖ്യാപനവും അപ്രതീക്ഷിതമായ അടച്ചു പൂട്ടലും. ജനങ്ങളുടെ ക്രയവിക്രയ ശേഷി പൂര്‍ണ്ണമായും തകര്‍ത്ത് -അവരെ ദുരിത കയത്തിലാക്കി – അനിശ്ചിതമായി നീണ്ടുപോയ ഈ അടച്ചുപൂട്ടല്‍ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് നെഗറ്റീവിലേക്ക് എത്തുമെന്ന് നിരവധി സാമ്പത്തിക വിദഗ്ധര്‍ അന്നേ പ്രവചിച്ചിരുന്നു. അതാണിന്ന് രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ഭാഷ്യം എന്തുമായിക്കൊള്ളട്ടെ, സാമ്പത്തിക രംഗത്ത് രാജ്യത്തിന്‍റെ വളര്‍ച്ചാനിരക്ക് യഥാര്‍ത്ഥത്തില്‍ നെഗറ്റീവില്‍ എത്തിയിരിക്കുന്നു എന്നു വേണം കരുതുവാന്‍.

ജനങ്ങളുടെ ക്രയവിക്രയ ശേഷി വര്‍ദ്ധിപ്പിക്കുവാനുള്ള യാതൊരു നടപടികളുമില്ലാതെ മൂന്നു ദിവസങ്ങള്‍ എടുത്ത് ധനകാര്യ മന്ത്രി നടത്തിയ 20 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജുകളും ഇന്ത്യന്‍ സമ്പത് വ്യവസ്ഥയെ ഉത്തേജിപ്പിച്ചില്ല എന്നു വേണം കരുതുവാന്‍. “കോര്‍പ്പറേറ്റുകളുടെ ദുരിതമകറ്റല്‍ മാത്രം ആയിരിക്കരുത് സര്‍ക്കാരിന്‍റെ ലക്ഷ്യം” എന്ന കഴിഞ്ഞ ദിവസം സുപ്രീം കോടതിക്ക് ഓര്‍മിപ്പിക്കേണ്ടി വന്നതും അതുകൊണ്ടാണ്. മോദി സര്‍ക്കാരിന്റെ അപ്രായോഗികമായ നയങ്ങളും ധനകാര്യ മന്ത്രിയുടെ കഴിവുകേടുകളും കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക മേഖേലയെ മുച്ചൂടും മുടിച്ചതിനു ശേഷം അതിന്റെ ഉത്തരവാദിത്വം മുഴുവനും ‘ദൈവത്തിന്റെ തലയില്‍’ കെട്ടിവച്ച് രക്ഷപെടുവാനുളള ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്റെ പാഴ്ശ്രമം ഒരുതരത്തില്‍ സ്വന്തം കഴിവുകേടുകളെ അംഗീകരിക്കലും കൂടിയാണ്… നിർമ്മലയുടെ ഈ മനസ് കരുതിയത് പോലെ അത്ര ‘നിർമ്മല’മല്ല എന്നാണ് ഈ പ്രസ്ഥാവന തെളിയിക്കുന്നത്.

കൊറോണ’ നരേന്ദ്ര മോദിക്ക് ലഭിച്ച ലോട്ടറി…? https://www.pravasabhumi.com/%e0%b4%95%e0%b5%8a%e0%b4%b1%e0%b5%8b%e0%b4%a3-%e0%b4%a8%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%ae%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d/

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *