ഇന്ത്യന്‍ ജനാധിപത്യം അപകടത്തില്‍

Print Friendly, PDF & Email

ഇന്ത്യന്‍ ജനാധിപത്യം അപകടത്തില്‍. പറയുന്നത് മറ്റാരുമല്ല. രാജ്യത്തിന്റെ പരമോന്നത നീതി ന്യായ കോടതിയായ സുപ്രീം കോടതിയിലെ നാല് ജഡ്ജിമാരാണ് കോടതി മുറി വിട്ടിറങ്ങിവന്ന് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന വെളി പ്പെടുത്തല്‍ ജനങ്ങളോടായി നടത്തിയത്. ചരിത്രത്തില്‍ സമാനതകളില്ലാത്ത അത്യപൂര്‍വ സംഭവ വികാസങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. നാല് കോടതികള്‍ നിര്‍ത്തി വച്ച് നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വന്ന് മാധ്യമങ്ങളെ കണ്ടു. ജസ്റ്റിസ് ജെ.ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.

രാജ്യ താല്‍പര്യം നീതി പൂര്‍വ്വം നടത്താനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളി ഉണ്ടെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ തുറന്നടിച്ചു. സ്വാധീനിക്കപ്പെടാത്ത നീതിന്യായ വ്യവസ്ഥ ജനാധിപത്യത്തില്‍ അത്യാവശ്യമാണ്, സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ജഡ്ജിമാരെ പ്രതിനിധീകരിച്ച് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ഞങ്ങള്‍ ആത്മാവിനെ വിറ്റുവെന്ന് നാളെ ജ്ഞാനികള്‍ കുറ്റപ്പെടുത്തരുത്. ചീഫ് ജസ്റ്റിസ് തുല്യരില്‍ ഒരാള്‍ മാത്രമാണ്. അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ട്. കേസുകള്‍ ജഡ്ജിമാര്‍ക്ക് വീതിച്ച് നല്‍കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ഇത് സുപ്രിം കോടതിയുടെ ആത്മാര്‍ത്ഥതയെ ഇല്ലാതാക്കി.

ജസ്റ്റിസ് ബി.എച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിഷേധമെന്നത് വിഷയത്തിന്റെ രാഷ്ട്രീയ പ്രാധാന്യമേറ്റുന്നതാണ്. ഗുജറാത്തിലെ സൊഹ്‌റാബുദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹ മരണം ഏറെ രാഷട്രീയ വിവാദം ഉയര്‍ത്തിയിരുന്നു. വിഷയത്തെക്കുറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തങ്ങള്‍ക്ക് ആയില്ല. അതുകൊണ്ട് മാധ്യമങ്ങളെ കാണാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

എന്നാല്‍ ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ എണ്ണിപ്പറയാന്‍ ജഡ്ജിമാര്‍ തയ്യാറായില്ല. സുതാര്യതയില്ലെങ്കില്‍ ജനാധിപത്യം തകരും. നീതിന്യായ വ്യവസ്ഥയുടെ മഹത്വമുയര്‍ത്താനാണ് തങ്ങളുടെ പ്രതിഷേധം. തങ്ങള്‍ നിശബ്ദരായിരുന്നുവെന്ന് നാളെ ചരിത്രം പറയരുത്. രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെ കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നും
ജസ്റ്റിസ് ജെ.ചെലമേശ്വര്‍ പറഞ്ഞു.

നിഷ്പക്ഷമായ നിയമ വ്യവസ്ഥിതി നിലനിന്നുവെങ്കില്‍ മാത്രമേ രാജ്യത്ത് ജനാധിപത്യം പുലരൂ. തങ്ങള്‍ക്കനുകൂലമായി നിയമ വ്യവസ്ഥിതിയെ സ്വാധീനിക്കുവാന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ക്ക് തടയിടുന്നത് നിക്ഷ്പക്ഷമായ നിയമവ്യവസ്ഥയാണ്. നിയമവ്യവസ്ഥയോട് ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് രാജ്യത്ത് നിയമ വാഴ്ച നിലനില്‍ക്കുന്നതിനും സമാധാനം പുലരുന്നതിനും കാരണം. നിയമ വ്യവസ്ഥിതിയുടെ വിശ്വാസ്യത തകരുന്നതോടെ രാജ്യം അരാജകത്തിലേക്ക് കൂപ്പുകുത്തും. മര്‍ദ്ദനോപാദികളോടെ ജനങ്ങളെ അടിച്ചമര്‍ത്തുന്നതിന് ഭരണകൂടങ്ങള്‍ക്കു കഴിയും.

ന്യായാധിപന്മാര്‍ക്കു പോലും സുരക്ഷയില്ലാതായിരിക്കുന്നു. ഇന്ന് രാജ്യം ഭരിക്കുന്നപാര്‍ട്ടിയുടെ ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് നടന്ന സൊഹറാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അദ്ദേഹത്തെ കോടതിയില്‍ ഹാജരാകുവാന്‍ ഉത്തരവിട്ട ജസ്റ്റീസ് ബി.എച്ച് ലോയയുടെ ദുരൂഹമരണത്തിന്റെ കേസില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നിലപാടുകളില്‍ പ്രതിക്ഷേധിച്ച് തുല്യരില്‍ നാലു ജഡ്ജിമാര്‍ ജനങ്ങളുടെ മുമ്പില്‍ വരുമ്പോള്‍ സംശത്തിന്റെ മുനകള്‍ നീളുന്നത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയിലേക്കു തന്നെയാണ്.
ഭരണകൂടത്തിന്റെ കരാള ഹസ്തങ്ങള്‍ പരമോന്നത നീതിന്യായ പീഠത്തെ പോലും സ്വാധീനിച്ചിരിക്കുന്നു എന്ന അറിവ് രാജ്യത്തെ ജനകോടികള്‍ക്ക്
ഞടുക്കം ഉളവാക്കുന്ന കാര്യമാണ്. സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്കതീതയായിരിക്കണം എന്നതാണ് രാഷ്ട്രീയ മീമാംസയുടെ കാതലെങ്കില്‍ പ്രധാനമന്ത്രിയും രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയും
ന്യായാധിപന്മാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജനങ്ങളോട് ഉത്തരം പറയണം.

(Visited 216 times, 1 visits today)
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
  1
  Share

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...