ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Print Friendly, PDF & Email

സിപിഎം പതിനാറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമായി. പൊന്നാനിയില്‍ പിവി അൻവര്‍ എംഎല്‍എയും, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജും ഇടത് സ്വതന്ത്രരായി മത്സരിക്കും. ബാക്കി പതിനാല് സീറ്റുകളിലും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ഥികള്‍ മത്സരിക്കും. നാല് എംഎല്‍എമാരും രണ്ട് ജില്ലാ സെക്രട്ടറിമാരും ആണ് ഇക്കുറി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുക. പൊന്നാനിയിൽ പിവി അൻവര്‍, ആലപ്പുഴയിൽ എഎം ആരിഫ് ,പത്തനംതിട്ടയിൽ വീണ ജോര്‍ജ്ജ്, കോഴിക്കോട്ട് എ പ്രദീപ് കുമാര്‍ എന്നീ നാല് എംഎൽഎമാരാണ് ലോകസഭയിലേക്ക് സിപിഎം സ്ഥാനാര്‍ത്ഥികളായി മത്സരത്തിനിറങ്ങുക.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരെ മത്സരിപ്പിക്കുന്നത് ആദ്യമായല്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുന്‍കാലങ്ങളിലും എംഎല്‍എമാര്‍ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എയായ എംഎ ബേബി മത്സരിച്ചിട്ടുണ്ട്. 2009-ല്‍ യുഡിഎഫ് നാല് എംഎല്‍എമാരെ മത്സരിപ്പിച്ചിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

പി കരുണാകരൻ ഒഴികെ സിപിഎമ്മിന്റെ എംപിമാരെല്ലാം മത്സര രംഗത്തുണ്ട് .കോട്ടയം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ കോട്ടയത്തും പി ജയരാജൻ വടകരയിലും മത്സരിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി രാജീവ് എറണാകുളം മണ്ഡലത്തിലും കെഎൻ ബാലഗോപാൽ കൊല്ലത്തും മത്സരത്തിനുണ്ടാകും.

നെടുമങ്ങാട് എംഎൽഎ സി ദിവാകരനും അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറും അടക്കം രണ്ട് എംഎൽഎമാരെ ഉൾപ്പെടുത്തിയാണ് സിപിഐ സ്ഥാനാർത്ഥി പട്ടിക. മറ്റ് ഘടക കക്ഷികൾക്കൊന്നും ഇത്തവണ സീറ്റില്ല.

ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി പട്ടിക
തിരുവനന്തപുരം -സി ദിവാകരൻ (സിപിഐ)
ആറ്റിങ്ങൽ – എ സമ്പത്ത്
കൊല്ലം- കെഎൻ ബാലഗോപാൽ
പത്തനംതിട്ട – വീണ ജോര്‍ജ്ജ്
മാവേലിക്കര -ചിറ്റയം ഗോപകുമാർ (സിപിഐ)
ആലപ്പുഴ – എഎം ആരിഫ്
ഇടുക്കി – ജോയിസ് ജോര്‍ജ്ജ്
കോട്ടയം – വിഎൻ വാസവൻ
എറണാകുളം – പി രാജീവ്
ചാലക്കുടി – ഇന്നസെന്റ്
തൃശൂർ – രാജാജി മാത്യു തോമസ് (സിപിഐ)
ആലത്തൂര്‍ – പി കെ ബിജു
പാലക്കാട് – എംബി രാജേഷ്
പൊന്നാനി – പിവി അൻവര്‍
മലപ്പുറം – വി പി സാനു
കോഴിക്കോട് – എ പ്രദീപ് കുമാര്‍
വടകര – പി ജയരാജൻ
വയനാട് – പിപി സുനീർ (സിപിഐ)
കണ്ണൂര്‍ – പികെ ശ്രീമതി
കാസര്‍കോട് – കെപി സതീഷ് ചന്ദ്രൻ

മുതിര്‍ന്ന നേതാക്കളെയും ജനപ്രതിനിധികളെയും മാത്രം സ്ഥാനാര്‍ത്ഥികളാക്കി കടുത്ത രാഷ്ട്രീയ പോരാട്ടം തന്നെ കാഴ്ചവയ്ക്കാനാണ് ഇടത് മുന്നണി തീരുമാനം. ശബരിമല വിഷയത്തിൽ നഷ്ടപ്പെടാൻ ഇടയുള്ള വോട്ടുകൾ കൂടി സ്ഥാനാര്‍ത്ഥി മികവ് കൊണ്ട് മറികടക്കാൻ ബോധപൂര്‍വ്വ ശ്രമം സ്ഥാനാര്‍ത്ഥി പട്ടികയിൽ പ്രകടമാണ്. ഏറ്റവും ഒടുവിൽ നടന്ന കാസര്‍കോട്ടെ ഇരട്ട കൊലപാതകം അടക്കം പാര്‍ട്ടിക്കെതിരായ പ്രചരണങ്ങളെ പാര്‍ട്ടി സംവിധാനത്തെ തന്നെ രംഗത്തിറക്കിയാകും സിപിഎം ചെറുക്കുക. എകെജി സെന്‍ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

(Visited 11 times, 1 visits today)
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
  2
  Shares