ആസാം ആശങ്കയില്‍

Print Friendly, PDF & Email

ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പുറത്തുവിട്ടതോടെ വലിയ ആശങ്കയിലാണ് ആസാം. 40 ലക്ഷത്തിലധികം പേര്‍ക്ക് പൗരത്വം നഷ്ടപ്പെടുന്ന പുതിയ ലിസ്റ്റില്‍ തങ്ങളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയുവാനുള്ള നെട്ടോട്ടത്തിലാണ് ആസാം ജനത. അസമില്‍ 40 വര്‍ഷമായി തുടരുന്ന അനിശ്ചിതത്വത്തിന് പരിഹാരമായി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ ആരെല്ലാം പട്ടികയിലുണ്ട്, ആരെല്ലാം പുറത്തുപോകും എന്നതില്‍ വ്യക്തതയില്ലാത്തത് ജനങ്ങളെ ആശങ്കയിലാക്കുന്നു.

സുപ്രിം കോടതിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടത് ഇന്നലെയാണ്. 3.29 കോടി അപേക്ഷകരില്‍ 2,89,83,677 കോടി പേരാണ് ഇന്ത്യന്‍ പൗരന്മാരായിട്ടുള്ളത്. കഴിഞ്ഞ ഡിസംബറില്‍ പ്രസിദ്ധീകരിച്ച ആദ്യകരടില്‍ 1.9 കോടിപേര്‍ ഉണ്ടായിരുന്നു. 1971 മാര്‍ച്ച് 25ന് മുന്‍പ് അസമില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നത്. സുപ്രിം കോടതി നിര്‍ദേശ പ്രകാരമാണ് പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നത്.

സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികക്കെതിരേ വ്യാപക പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. ന്യൂനപക്ഷങ്ങളെ കുടിയേറ്റക്കാരായി ചിത്രീകരിച്ച് നാടുകടത്താനുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢനീക്കത്തിന്റെ ഫലമായിട്ടാണ് പൗരാവകാശ രേഖ കൊണ്ടുവന്നതെന്ന് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ ആരോപിച്ചു. വിഭജിച്ച് ഭരിക്കുകയെന്ന തന്ത്രമാണിതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാര്‍ജി പറഞ്ഞു. ജനങ്ങളെ അഭയാര്‍ഥികളാക്കി നാടുകടത്താനുള്ള ഗൂഢനീക്കമാണിതിനു പിന്നിലെന്ന് അവര്‍ ആരോപിച്ചു. ഇത് പീഡനമാണ്. ജനങ്ങളെ വിദേശികളായി മുദ്രകുത്താനുള്ള നീക്കമാണിത്. ഇക്കാര്യത്തില്‍ ആശങ്കയുണ്ടെ. വിഷയത്തിന്റെ ഗൗരവം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ അറിയിക്കുമെന്നും അവര്‍ പറഞ്ഞു.

പട്ടിക പുറത്തിറക്കിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ചിലര്‍ അനാവശ്യമായ ആശങ്കക്ക് ഇടയാക്കുന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് നടത്തുന്നത്. ഇപ്പോള്‍ പ്രസിദ്ധീകരിച്ചത് കരട് പട്ടികയാണെന്നും അന്തിമ ലിസ്റ്റ് അല്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പട്ടികയില്‍ ഇടം നേടാത്തവര്‍ക്ക് ഓഗസ്റ്റ് 30 വരെ പൗരത്വം തെളിയിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്.

അസമിലെ പൗരത്വ പട്ടികയില്‍ പേരില്ലാത്തവര്‍ക്കെതിരേ ബലപ്രയോഗം ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഫോറിന്‍ ട്രിബ്യൂണലിനെ സമീപിക്കാം. ഭയപ്പെടേണ്ട സാഹചര്യമില്ല. വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുത്. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി നല്‍കാനുള്ള അവകാശമുണ്ടെന്നും വ്യാജപ്രചാരണങ്ങള്‍ നടത്തരുതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും പറഞ്ഞു.

പട്ടികക്കെതിരേ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചു. പട്ടികയില്‍ സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ കൃത്രിമത്വം കാണിച്ചതായി ലോക്‌സഭയില്‍ ആരോപിച്ച പ്രതിപക്ഷം, വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് അസമില്‍ മാത്രം പൗരത്വപട്ടിക പ്രസിദ്ധീകരിച്ചതെന്ന് തൃണമൂലിലെ സുധീപ് ബന്ദോപാധ്യായ ചോദിച്ചു. 40 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടമായെന്നും അവര്‍ എവിടെ പോകുമെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കരുതെന്നും ഒരു വിഭാഗമാളുകളെ രാഷ്ട്രമില്ലാത്തവരാക്കിയ നടപടി അപകടം ചെയ്യുമെന്നും സി.പി.എമ്മിലെ മുഹമ്മദ് സലീം പറഞ്ഞു.

(Visited 60 times, 1 visits today)
  • 2
  •  
  •  
  •  
  •  
  •  
  •  
  •  
    2
    Shares