ആര്‍ട്ടികിള്‍ 370 പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി കാശ്മീരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കുന്നു.

Print Friendly, PDF & Email

2019 ആഗസ്റ്റ് അഞ്ചിനു മുമ്പ് കശ്മീരിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു നല്‍കണമെന്ന് ആവശ്യമുന്നയിച്ച് ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കുന്നു. അതിനായി പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ പീപ്പിള്‍സ് (ജനസഖ്യം) എന്നപേരില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയും രൂപീകരിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി)യുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ലയാണ് സഖ്യ പ്രഖ്യാപനം നടത്തിയത്. നാഷണൽ കോൺഫറൻസ് നേതാക്കളായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, പിഡിപി നേതാവ് മഹബൂബ മുഫ്തി, സിപിഎം കേന്ദ്രകമ്മിറ്റിയംഗം മൊഹമ്മദ് യൂസഫ് തരിഗാമി, പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോൺ എന്നിവരാണ് പ്രഖ്യാപനത്തില്‍ ഒപ്പു വച്ചിരിക്കുന്നത്. പിടിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് പുതിയ സഖ്യപ്രഖ്യാപനം. കാശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവിയായ ആര്‍ട്ടികിള്‍ 370 തിരിച്ചുകിട്ടണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്ത യോഗത്തിനുശേഷം ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്റെ വസതിയിലാണ് യോഗം ചേര്‍ന്നത്.

നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍ഡ് ഡെമോക്രാറ്റിക് പാര്‍ട്ടി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഎം എന്നിവയാണ് സഖ്യത്തിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സജാദ് ലോണ്‍, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ജാവെയ്ദ് മിര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

കശ്മീരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നാകുന്നതോടെ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിനാണ് കളമൊരുങ്ങുന്നത്. തങ്ങളുടെ ന്യായമായ ആവശ്യമുന്നയിച്ച് പാര്‍ട്ടികള്‍ സംയുക്തമായി ശക്തമായ പ്രതിഷേധം തുടങ്ങുമെന്നാണ് സൂചനകള്‍. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടേതെന്ന് ഫാറൂഖ് അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370, ഇതിന്റെ ഭാഗമായുള്ള ആര്‍ട്ടിക്കിള്‍ 35എ എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ബില്ലിലൂടെ 2019 ആഗസ്റ്റ് അഞ്ചിന് റദ്ദാക്കിയത്. ഇതോടെ കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാവുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തു. ഇതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കി. ഒമറിനെയും ഫാറൂഖ് അബ്ദുള്ളയേയും നേരത്തെ മോചിപ്പിച്ചുവെങ്കിലും ഒരു വര്‍ഷത്തിലധികം വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്ന മെഹ്ബൂബയെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്. അതേസമയം, കശ്മീരിന്റെതായ പ്രധാന വിഷയത്തില്‍ ബദ്ധവൈരികള്‍ ഒന്നായതോടെ കേന്ദ്ര സര്‍ക്കാര്‍ സംഭവം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *