ആര്യന്‍ അവന്‍റെ അച്ഛന്‍റെ സമീപത്തേക്ക് പറന്നകന്നു

Print Friendly, PDF & Email

നീണ്ട പത്ത് ദിവസം വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷം കേരളത്തിന്‍റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി കൊണ്ട് ഏഴ് വയസ്സുകാരൻ ആര്യന്‍ അവന്‍റെ അച്ഛന്‍റെ സമീപത്തേക്ക് പറന്നകന്നു. അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെ 11.35നാണ് ക്രൂരതകളും വേദനകളുമില്ലാത്ത ലോകത്തേക്ക് പോയത്. കോട്ടയം മെഡ‌ിക്കൽ കോളേജിൽ പോസ്‌റ്റ്മോർട്ടം നടത്തുന്ന കുട്ടിയുടെ മൃതദേഹം എവിടെ സംസ്‌ക്കരിക്കണമെന്ന കാര്യത്തില്‍ തീരുമാനിച്ചിട്ടില്ല.

മസ്‌തിഷ്‌കത്തിന് ഗുരുതര പരിക്കേറ്റ കുട്ടിയ്‌ക്ക് മസ്‌‌തിഷ്‌ക മരണം സംഭവിച്ചെന്ന് ദിവസങ്ങൾക്ക് മുമ്പ് ഡോക്‌ടർമാർ സ്ഥിരീകരിച്ചെങ്കിലും വെന്റിലേറ്ററിൽ ചികിത്സ തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പത്ത് ദിവസത്തെ ചെറുത്തുനിൽപ്പിനൊടുവിൽ കേരളത്തിന് തീരാദുഖം സമ്മാനിച്ചു കൊണ്ടാണ് അവൻ മരണത്തിന് പിടികൊടുത്തത്.

രണ്ടാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടി അവന്‍റെ അച്ഛന്‍റെ മരണത്തിനുശേഷം സഹപാഠികളോടുപോലും കാര്യമായി മിണ്ടാറില്ലായിരുന്നു. അധ്യാപകർ കുട്ടിയോട് കാരണം തിരക്കിയപ്പോൾ എന്റെ അച്ഛൻ മരിച്ചുപോയി എന്നുമാത്രം അവൻ കണ്ണീരോടെ പറഞ്ഞു. കഴിഞ്ഞ വർഷം മേയിലാണ് കുട്ടികളുടെ പിതാവ് ബിജു ബാബു തിരുവനന്തപുരത്തുവെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

അതിനുശേഷമാണ് അവന്‍റെ അമ്മക്കൊപ്പം അകന്ന ബന്ധുവായ അരുൺ താമസമാക്കിയത്. കഴിഞ്ഞ നവംബറിലാണ് ഇവർ ഇടുക്കിയിലെ കുമാരമംഗലത്തെത്തിയത്. അതിനുശേഷം അരുണ്‍ കുട്ടിയെ നിര്‍ദ്ദയമായി മര്‍ദ്ദിക്കുമായിരുന്നു. അമ്മയാകട്ടെ കുട്ടിയെ രക്ഷിക്കുവാന്‍ എന്തുകൊണ്ടോ തയ്യാറായതുമില്ല. ഇതിനിടയിൽ കുട്ടിയുടെ അമ്മയെ മാപ്പുസാക്ഷിയാക്കി കേസിൽ നിന്നും രക്ഷപ്പെടുത്താനുള്ള നീക്കങ്ങൾ അണിയറയിൽ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണെന്ന് പറയപ്പെടുന്നു.
.

 • 5
 •  
 •  
 •  
 •  
 •  
 •  
  5
  Shares