ആന്തൂര്‍ ആത്മഹത്യ: ശ്യാമളയെ പിന്തുണച്ച് മുഖ്യമന്ത്രി കേസെടുക്കണമെന്ന് പ്രതിപക്ഷം.

Print Friendly, PDF & Email

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളക്കെതിരെ പ്രേരണാക്കുറ്റത്തിന് ക്രിമിനല്‍ കേസ് എടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സാജന്റെ ഭാര്യ ബീന കെ.പി.സി.സി പ്രസിഡന്റിന് നല്‍കിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം.

ആന്തൂര്‍ നഗരസഭാ അധ്യക്ഷ ശ്യാമളയും ജീവനക്കാരും പ്രതികാരമനോഭാവത്തോടെ മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് സാജന്‍റെ ഓഡിറ്റോറിയത്തിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കുകയാണ് ചെയ്തതെന്ന് കെ.പി.സി.സി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. താന്‍ നഗരസഭാ ചെയര്‍പേഴ്സന്റെ കസേരയില്‍ ഇരിക്കുന്നിടത്തോളം കാലം കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് തരില്ലെന്ന് സാജനോടും മാനേജര്‍ സജീവനോടും ശ്യാമള പറഞ്ഞിട്ടുണ്ട്. ഇതില്‍ നിന്ന് തന്നെ നഗരസഭാ അധ്യക്ഷയുടെയും ഉദ്യോഗസ്ഥരുടെയും നിസ്സഹകരണവും അധികാര ദുര്‍വിനിയോഗവും പ്രകടമാണ്. അധ്യക്ഷയുടെയും ഉദ്യോഗസ്ഥരുടെയും അഹങ്കാരത്തിന് മുന്നില്‍പ്പെട്ട് ജീവിത സമ്പാദ്യവും അധ്വാനവും നഷ്ടപ്പെടുന്നതിലുള്ള മനോവിഷമമാണ് സാജനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം ശ്യാമളയെ വീണ്ടും പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തുവന്നു. ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ അധ്യക്ഷ പികെ ശ്യാമള രാജിവെക്കണമെന്നത് രാഷ്ട്രീയ മുദ്രാവാക്യം മാത്രമാണെന്നാണ് പിണറായി വിജയൻ വീണ്ടും ആവര്‍ത്തിച്ചത്. ആന്തൂര്‍ നഗരസഭയിലെ ഉദ്യോഗസ്ഥരുടെ നടപടി മൂലമാണ് ഓഡിറ്റോറിയത്തിന് കംപ്ലീഷ്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കുവാന്‍ തടസ്സമായതെന്നും
രാഷ്ട്രീയ നേതൃത്വത്തിന് അതില്‍ പങ്കല്ലഎന്നുമുള്ള നിലപാടിലാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും.

സാജന്‍റെ ആത്മഹത്യയെ ചൊല്ലി ഒരു വശത്ത് പ്രതിപക്ഷം സർക്കാറിനെതിരെ നിലപാട് കടുപ്പിക്കുമ്പോള്‍ മറുവശത്ത് സിപിഎം കണ്ണൂർ ലോബിയിലെ ഭിന്നത മുറുകുകയാണ്. സാജന്‍റെ പ്രശ്നം പരിഹരിക്കണം എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ആയിരിക്കെ കെടി ജലീല്‍നോട് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ പിന്നാലെ എംവി ഗോവിന്ദന്‍ ജലീലിന്‍റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചിരുന്നുവെന്ന് സംസ്ഥാന സമിതിയില്‍ ജെയിംസ് മാത്യു പറഞ്ഞിരുന്നു. ഇക്കാര്യം മന്ത്രി ജലീലും സമ്മതിച്ചിട്ടുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •