പഴയവീഞ്ഞ് പുതിയ കുപ്പിയില്‍ നിറച്ച് ആചാരസംരക്ഷണത്തിനായി അഭിഭാഷകരുടെ നീണ്ട നിര

Print Friendly, PDF & Email

ശബരിമല പുനരന്വേഷണ ഹര്‍ജി രാവിലെ 10മണിക്കു തന്നെ ചീഫ് ജസ്റ്റീസ് ഹിയറിങ്ങിനായി എടുത്തപ്പോള്‍ റിവ്യു ഹര്‍ജികളുടെ ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. 65ഓളം ഹര്‍ജികളാണ് ശബരിമല വിഷയത്തില്‍ ഇന്നു കോടതിയുടെ പരിഗണനക്കു വന്നത്. റിവ്യൂ ഹർജികളുടെ ആധിക്യത്താല്‍ ഹർജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം സംസാരിച്ചാല്‍ മതിയെന്നാണ് വാദം തുടങ്ങിയ ഉടൻ ചീഫ് ജസ്റ്റിസ് അഭിഭാഷകർക്ക് നൽകിയ നിർദേശം. ഏതാണ്ടെല്ലാ പുനഃപരിശോധനാ ഹർജികൾക്കും റിട്ട് ഹർജികൾക്കും സമാന സ്വഭാവമാണുള്ളത്. എന്തൊക്കെയാണ് പിഴവുകൾ, എന്തിനാണ് വിധി പുനഃപരിശോധിക്കേണ്ടത് എന്നീ രണ്ട് കാര്യങ്ങളും വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

പത്ത് അഭിഭാഷകർ ആണ് റിവ്യൂ ഹർജികൾക്ക് വേണ്ടി ഇന്ന് കോടതിയില്‍ വാദിച്ചത്. സംസ്ഥാന സർക്കാർ റിവ്യൂ പരിഗണിക്കരുതെന്ന ശക്തമായ നിലപാടാണ് എടുത്തത്. ഇതിന് ശക്തമായ പിന്തുണയുമായി ദേവസ്വംബോർഡും കോടതിയിൽ നിലപാടെടുത്തു. ബിന്ദുവിനും കനകദുർഗയ്ക്കും, കോടതിയലക്ഷ്യഹർജിക്കായി ഒരു അഭിഭാഷകനും ഇന്ന് കോടതിയിൽ വാദിച്ചു.

ആരാണ് ആദ്യം വാദിയ്ക്കുന്നതെന്ന് ചോദിച്ചപ്പോൾ എൻഎസ്എസ് അഭിഭാഷകനായ കെ പരാശരൻ എഴുന്നേൽക്കുകയായിരുന്നു. വിധിയിൽ പിഴവുണ്ടെന്നാണ് അഡ്വ. കെ പരാശരൻ വാദിച്ചത്. പ്രധാനവിഷയങ്ങൾ പരിഗണിക്കാതെയാണ് വിധിയെന്നാണ് അഡ്വ. പരാശരന്‍റെ വാദം. ഭരണഘടനയുടെ 25ാം അനുച്ഛേദം നൽകുന്ന അവകാശമാണ് എല്ലാവരും ഉന്നയിക്കുന്നതെന്ന് അഡ്വ. പരാശരൻ വ്യക്തമാക്കി പൊതുസ്ഥല ങ്ങളിൽ തുല്യത ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ് എന്നാൽ ക്ഷേത്രങ്ങൾ പൊതുസ്ഥലമല്ലെന്നും അഡ്വ. പരാശരൻ കോടതി മുന്പാകെ വ്യക്തമാക്കി.

ഭരണഘടനയുടെ 15-ാം അനുഛേദപ്രകാരം ക്ഷേത്ര ആചാരങ്ങൾ റദ്ദാക്കിയത് തെറ്റെന്ന എൻഎസ്എസ് വാദത്തോട് പതിനഞ്ചാം അനുച്ഛേദം അടിസ്ഥാനപ്പെടുത്തി തന്നെയാണ് തന്‍റെ വിധിയെന്ന് ജസ്റ്റിസ് റോഹിൻടൺ നരിമാൻ പറഞ്ഞു. പൊതു സ്ഥലമായി പരിഗണിച്ചു കൊണ്ട് തന്നെയാണ് യുവതീ പ്രവേശന വിധി പ്രസ്താവിച്ചതെന്നും റോഹിൻടൺ നരിമാൻ വ്യക്തമാക്കി.

യുവതീപ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ലെന്ന് എൻഎസ്എസ് വാദിച്ചു. അനുച്ഛേദം 17 പ്രകാരം തൊട്ടുകൂടായ്മ കുറ്റമാണ്. പക്ഷേ, അത്തരം ഒരു വിവേചനം ഇവിടെയില്ല. എല്ലാ സ്ത്രീകളെയും ശബരിമലയിൽ കയറ്റാതിരിക്കുന്നില്ല. ജാതിയുടെ അടിസ്ഥാനത്തിലല്ല, ഇവിടെ പ്രവേശനം നിഷേധിക്കപ്പെടുന്നത്. പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നും അഡ്വ. കെ പരാശരൻ പറയുന്നു.

എന്നാൽ പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ വിവേചനം നടത്തുന്നത് തൊട്ടുകൂടായ്മ യായിത്തന്നെ കണക്കാക്കണമെന്നും ജസ്റ്റിസ് റോഹിൻടൺ നരിമാൻ വ്യക്തമാക്കുന്നു. ഭരണഘടനാ ധാർമികത എന്തെന്ന് എവിടെയും എഴുതി വച്ചിട്ടില്ല. അത് വളരെ എളുപ്പത്തിൽ വ്യാഖ്യാനിക്കാവുന്നതുമല്ല. ഒടുവിൽ വാദം പെട്ടെന്ന് പൂർത്തിയാക്കാൻ സുപ്രീംകോടതി അഡ്വ. പരാശരനോട് ആവശ്യപ്പെട്ടു. അങ്ങനെ രണ്ട് പിഴവുകൾ മാത്രം ചൂണ്ടിക്കാട്ടി കെ പരാശരൻ വാദം പൂർത്തിയാക്കി.

പിന്നീട് ശബരിമല തന്ത്രിക്ക് വേണ്ടി അഡ്വ. വി ഗിരിയുടെ വാദം തുടങ്ങി. നൈഷ്ഠിക ബ്രഹ്മചാരി യാണ് അയ്യപ്പന്‍റെ വിഗ്രഹമെന്ന വാദമുഖമാണ് അഡ്വ. വി ഗിരി പ്രധാനമായും ഉന്നയിച്ചത്. വിഗ്രഹത്തിന്‍റെ പിതൃസ്ഥാനത്തുള്ളയാൾ തന്ത്രിയാണ്. തന്ത്രിയ്ക്ക് പ്രത്യേക അവകാശങ്ങളുണ്ടെന്നും ആരാധനാക്രമം തീരുമാനിക്കുന്നത് അവകാശം തന്ത്രിക്കാണെന്നുമായിരുന്നു വി ഗിരിയുടെ വാദം.
ആർത്തവമല്ല, വിഗ്രഹത്തിന്‍റെ പ്രത്യേകത അനുസരിച്ചാണ് ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുന്നത്. സ്ത്രീകൾക്ക് പ്രായം അനുസരിച്ച് വിവേചനം ഏർപ്പെടുത്തുന്നത് ജാതിയുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്. ജാതിയല്ല, മറിച്ച് വിഗ്രഹത്തിന്‍റെ സ്വഭാവമനുസരിച്ചാണ് വിവേചനം ഏർപ്പെടുത്തുന്നത്. അതിനാൽ ഇതും തൊട്ടുകൂടായ്മയുമായി ബന്ധമില്ല എന്ന് സ്ഥാപിക്കുവാനാണ് വി.ഗിരി പ്രധാനമായും ശ്രമിച്ചത്.

പിന്നീട് ഹാജരായത് പ്രയാർ ഗോപാലകൃഷ്ണന് വേണ്ടി അഡ്വ. മനു അഭിഷേക് സിംഗ്‍വി ആയിരുന്നു. മുന്പ് ദേവസ്വംബോർഡിന് വേണ്ടി മനു അഭിഷേക് സിംഗ്‍വി ഹാജരായിട്ടുണ്ടെന്ന് പറഞ്ഞ് ദേവസ്വം ബോർഡ് അഭിഭാഷകൻ തടസ്സവാദം ഉന്നയിച്ചു. എന്നാല്‍, താനൊരു വ്യക്തിക്ക് വേണ്ടിയാണ് ഹാജരാകുന്നതെന്ന് പറഞ്ഞ് മനു അഭിഷേക് സിംഗ്‍വി പ്രതിരോധം തീര്‍ത്തു.

നൈഷ്ഠികബ്രഹ്മചര്യം വിഗ്രഹത്തിന്‍റെ അവകാശമാണ്. വിഗ്രഹത്തിന്‍റെ പ്രത്യേകത കൊണ്ടു മാത്രമാണ് വിവേചനം ഉണ്ടാകുന്നത്. ഇതിന് തൊട്ടു കൂടായ്മയുമായി ബന്ധമില്ല. പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കി ലെടുത്തത് ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ്. ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ മതപരമായ അവകാശങ്ങൾ ചേർത്ത് മാത്രമേ വ്യാഖ്യാനിക്കാവൂ. ഭരണകൂട ധാർമികത ആപേക്ഷികമാണ് അല്ലാതെ, എഴുതിവയ്ക്കപ്പെട്ടതല്ല.ഹിന്ദു മതം പോലുള്ള വൈവിധ്യമാർന്ന ഒരു മതത്തിൽ പല ആചാരങ്ങളുണ്ടാകും. അതിന് ഏകസ്വഭാവം കൽപിക്കാനുമാകില്ല. ശബരിമല സയൻസ് മ്യൂസിയമല്ല, വിശ്വാസമാണ്. അതിന്‍റെ ആചാരങ്ങളെക്കുറിച്ച് പറയേണ്ടത് വിശ്വാസികളാണ്. ഇതുവരെയുള്ള വാദങ്ങളിലൊന്നും ആർത്തവം പോലുള്ള ജൈവപ്രക്രിയയെക്കുറിച്ച് ഒരു അഭിഭാഷകനും പരാമർശിക്കുന്നില്ല തുടങ്ങിയവയായിരുന്നു മനു അഭിഷേക് സിംഗ്‍വി ഉയര്‍ത്തിയ പ്രധാന വാദമുഖങ്ങള്‍.

ബ്രാഹ്മണസഭയ്ക്ക് വേണ്ടി ശേഖർ നാഫഡെയുടെ വാദമാണ് പിന്നീട് നടന്നത്. ആക്റ്റിവിസ്റ്റുകൾക്ക് വിശ്വാസം തീരുമാനിക്കാനാകില്ല. ബഹുഭൂരിപക്ഷത്തിന്‍റെ വിശ്വാസമാണ് കോടതിവിധി വ്രണപ്പെടുത്തിയത്. മതം വിശ്വാസത്തിന്‍റെ ഭാഗമാണ്. നൂറ്റാണ്ടുകളായി ശബരിമലയിൽ തുടരുന്ന ആചാരമാണ് കോടതി റദ്ദാക്കിയതെന്നതിന് രേഖകളുണ്ടെന്ന് ശേഖർ നാഫ്ഡെ.

തിരുവിതാംകൂർ ഹിന്ദു മതാചാരനിയമത്തിന്‍റെ ഫോട്ടോകോപ്പി കൈമാറാൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര അഡ്വ നാഫ്ഡേയോട് ആവശ്യപ്പെട്ടു. അയ്യപ്പനെ ഒരു പ്രത്യേകരീതിയിൽ ആരാധിക്കണമെന്ന് കോടതിയ്ക്ക് വിശ്വാസികളോട് പറയാനാകില്ലെന്ന് നാഫ്ഡേയോട് കോടതി പ്രതികരിച്ചു.

ഒരു ആചാരത്തെ തള്ളിപ്പറഞ്ഞ് വിശ്വാസിക്ക് വിശ്വാസിയായി തുടരാനാകില്ലെന്ന വാദവുമായി അഡ്വ. വെങ്കട്ടരമണിയാണ് പിന്നീട് കോടതിയില്‍ ഹാജരായത്. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ അഡ്വ. വെങ്കട്ടരാമൻ വാദം തുടങ്ങി.1991-ൽ സ്ത്രീപ്രവേശനം വിലക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിലെ വസ്തുതാപരമായ കാര്യങ്ങൾ നിലനിൽക്കുന്നു. അതിനാൽ ആ വിധിയ്ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും ആയിരുന്നു അഡ്വ. വെങ്കട്ടരാമന്‍റെ വാദം.

ബിജെപി നേതാവ് രാധാകൃഷ്ണമേനോന് വേണ്ടി അഡ്വ. മോഹൻ പരാശരന്‍റെ ഊഴമായിരുന്നു പിന്നീട്. അയ്യപ്പനെ ദർശിക്കാനെത്തുന്നവരിൽ പല മതവിഭാഗങ്ങളിലുള്ളവരുമുണ്ട്. പല മതങ്ങളിലുമുള്ളവർ വരുന്നത് കൊണ്ട് മാത്രം അയ്യപ്പഭക്തരെ ഒരു പ്രത്യേക മതവിഭാഗമായി കണക്കാക്കില്ല എന്ന് പറയുന്നത് തെറ്റ്ന്നുമായിരുന്നു മോഹൻ പരാശരന്‍റെ വാദം. പിന്നീട് ശബരിമല വിധി രാജ്യത്തെ മറ്റ് ക്ഷേത്രങ്ങളെയും ബാധിക്കുമെന്ന് പന്തളം രാജകുടുംബത്തിന് വേണ്ടി അഡ്വ. സായ് ദീപക് വാദിച്ചു. നൈഷ്ഠികബ്രഹ്മചര്യം പ്രതിഷ്ഠയുടെ ഭാഗമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന വാദമുഖം.

പത്ത് പേരുടെ വാദം പൂർത്തിയായതോടെ എതിർവാദത്തിന് അരമണിക്കൂർ കൂടിയേ സമയമുള്ളൂ എന്ന് ചീഫ് ജസ്റ്റിസ് നിലപാടെടുത്തു. മൂന്ന് മണി വരെയാണ് ബഞ്ച് ഇരിക്കുക. ഒന്നര മണിക്കൂർ എതിർകക്ഷികൾക്ക് വാദിക്കാൻ സമയം നൽകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

  •  
  •  
  •  
  •  
  •  
  •  
  •