അവസാനം അതുതന്നെ സംഭവിച്ചു. ഊർജിത് പട്ടേൽ രാജിവച്ചു.

Print Friendly, PDF & Email

അവസാനം അതുതന്നെ സംഭവിച്ചു. ഊർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണർ സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഊർജിത് പട്ടേൽ പറയുന്നതെങ്കിലും റിസർവ് ബാങ്കിന്‍റെ അധികാരത്തിൽ കേന്ദ്രസർക്കാർ നേരിട്ട് ഇടപെട്ടതിനെത്തുടർന്ന് കേന്ദ്രധനമന്ത്രാലയവും ആർബിഐ ഗവർണറും തമ്മില്‍ കുറേകാലമായി രൂക്ഷമായി തുടരുന്ന ചേരിപോരിന്‍റെ പരിസമാപ്തിയാണ് രാജിയെന്ന് വ്യക്തം.

എന്നാല്‍ തന്‍റെ സഹപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട് ഊർജിത് പട്ടേൽ പുറത്തിറക്കിയ പ്രസ്താവനയിൽ കേന്ദ്രസർക്കാരിനോ, ധനമന്ത്രിക്കോ, പ്രധാനമന്ത്രിക്കോ, ഒരു വാക്ക് പോലും നന്ദി പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്ഥനായി റിസര്‍വ്വ് ബാങ്ക് ഭരണം ഏറ്റെടുത്ത ഊര്‍ജിത് പട്ടേല്‍ നോട്ടു നിരോധനസമയത്ത് കേന്ദ്രസർക്കാർ നിർദേശം അപ്പടി നടപ്പാക്കിയതിന്റെ പേരിൽ ഏറെ പഴികേട്ടു. എന്നാല്‍, പിന്നീട്  രാജ്യത്തിന്റെ സാമ്പത്തികനില വഷളാവുകയും റിസർവ് ബാങ്കിന്റെ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയുംചെയ്യുന്ന ഘട്ടമെത്തിയപ്പോഴാണ് ചെറുത്തുനിൽക്കാൻ തുടങ്ങിയത്.

യുപിഎ സർക്കാരിന്‍റെ കാലത്ത് ബാങ്കുകളെ ‘സ്വതന്ത്രമായി വിഹരിയ്ക്കാൻ അനുവദിച്ച് മിണ്ടാതിരുന്ന’ ആർബിഐയുടെ നയമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ തകർച്ചയുടെ വക്കിലെത്തിച്ചതെന്ന് അരുൺ ജയ്‍റ്റ്‍ലി പരസ്യമായി പറഞ്ഞതോടെയാണ് കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്തുവന്നത്. ആർബിഐയുടെ സ്വതന്ത്രാധികാരത്തിൽ കൈ കടത്തിയാൽ അതിന്‍റെ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണറായ വിരാൽ ആചാര്യയിലൂടെ റിസര്‍വ്വ് ബാങ്ക് തിരിച്ചടിച്ചു.

ചട്ടങ്ങൾ ഇളവുചെയ്ത് ബാങ്കിതര ധനകാര്യസ്ഥാപനങ്ങളെയും ഭവനവായ്പാ സ്ഥാപനങ്ങളെയും സഹായിക്കണമെന്ന കേന്ദ്രനിർദേശം ആർ.ബി.ഐ. തള്ളി. കിട്ടാക്കടം കാരണം അടിത്തറ തകർന്ന പൊതുമേഖലാബാങ്കുകൾക്ക് കൂടുതൽ പ്രവർത്തനമൂലധനം നൽകുക, ചെറുകിടവ്യവസായങ്ങൾക്ക് കൂടുതൽ വായ്പ അനുവദിക്കാൻ നിയമങ്ങളിൽ ഇളവുവരുത്തുക തുടങ്ങിയ നിർദേശങ്ങളും ആർ.ബി.ഐ. അംഗീകരിച്ചില്ല. ബാങ്കുകള്‍ വരുത്തിവച്ച നഷ്ടം ബാങ്കുകള്‍തന്നെ വേണം നികത്തുവാന്‍ എന്ന ശക്തമായ നിലപാട് ആയിരുന്നു അദ്ദേഹം സ്വീകരിച്ചത്. അതോടൊപ്പം റിസര്‍വ്വ് ബാങ്കിന്‍റെ കരുതല്‍ ധനം കുറച്ച് അതില്‍ നിന്ന് 3 ലക്ഷം കോടി രൂപ കേന്ദ്ര ഗവര്‍മ്മെന്‍റിനു നല്‍കണമെന്ന ധനമന്ത്രാലയത്തിന്‍റെ ആവശ്യവും നിഷ്കരുണം തള്ളി. ഇത്തരം നടപടികളിലൂടെ കേന്ദ്ര ഗവര്‍മ്മെന്‍റുമായി തുറന്ന യുദ്ധത്തിലേക്ക് റിസര്‍വ്വ് ബാങ്ക് നീങ്ങുകയായിരുന്നു.

റിസർവ് ബാങ്ക് ആക്ടിലെ സെക്ഷൻ 7 പ്രകാരം പൊതുജനതാത്പര്യാർഥമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് ആർബിഐയ്ക്ക് നേരിട്ട് നിർദേശങ്ങൾ നൽകാൻ കഴിയും. ഇതനുസരിച്ച് മൈക്രോഫിനാൻസ് അടക്കമുള്ള ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ലിക്വിഡിറ്റി സംബന്ധിച്ചും, ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് വായ്പാസഹായം കൂട്ടുന്നത് സംബന്ധിച്ചുമുള്ള കർശനചട്ടങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്രസർക്കാർ റിസർവ് ബാങ്കിന് നേരിട്ട് നിർദേശം നൽകി.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു ഇടപെടൽ ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ച് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ രാജി നൽകിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഡിസംബർ 14-ന് നടക്കാനിരിക്കുന്ന ആർ.ബി.ഐ. ബോർഡ് യോഗത്തിൽ റിസർവ് ബാങ്കിൽനിന്ന് കൂടുതൽ ഇടക്കാല ലാഭവിഹിതം സർക്കാർ ആവശ്യപ്പെടാനാണ് സാധ്യത. പൊതു തിരഞ്ഞെടുപ്പ് വരാനിരിക്കേ ബജറ്റിലെ വിടവ് മൂടിവെക്കാൻ കേന്ദ്രസർക്കാരിന് ഇത് ആവശ്യമാണ്. എന്നാൽ, അതിന് വഴങ്ങാൻ താൻ തയ്യാറല്ല എന്നതാണ് ഉർജിത് പട്ടേൽ രാജിയിലൂടെ വ്യക്തമാക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രഗവര്‍മ്മെന്‍റ് ഓരോന്നോരോന്നായി തകര്‍ത്തു കൊണ്ടിരിക്കുകയാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കെ ഊർജിത് പട്ടേലിന്‍റെ രാജി കേന്ദ്രസർക്കാരിനെ കൂടുതല്‍ തുടര്‍ന്നുള്ള നാളുകളില്‍ പ്രതിരോധത്തിലാക്കുവാനാണ് സാധ്യത.

  • 8
  •  
  •  
  •  
  •  
  •  
  •  
    8
    Shares