അന്യസംസ്ഥാന തൊഴിലാളികളുമായി കേരളത്തില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു

Print Friendly, PDF & Email

ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ വഹിച്ചുകണ്ടുള്ള ആദ്യത്തെ സ്പെഷ്യൽ നോൺസ്റ്റോപ്പ് ട്രെയിൻ ആലുവയില്‍ നിന്ന് യാത്ര തിരിച്ചു. രാത്രി 10മണിയോടെയാണ് ആലുവയില്‍ നിന്ന് ഒഡീഷാ തലസ്ഥാനമായ ഭുവനേശ്വറിലേക്ക് പ്രത്യേക ട്രെയിൻ പുറപ്പെട്ടത്. 1148 ഒഡീഷ തൊഴിലാളികളുമായി മറ്റൊരിടത്തും നിറുത്താതെ 1,836 കിമീ. ആണ് ട്രെയിൻ സഞ്ചരിക്കുക. കൊവിഡ് ലക്ഷണങ്ങളില്ലാത്ത അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയതിന് തൊട്ടു പിന്നാലെയാണ് തൊഴിലാളികളെ നാട്ടിലേക്ക് അയക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികൾക്കായുള്ള രാജ്യത്തെ രണ്ടാമത്തെ ട്രെയിനാണിത്. ആദ്യ ട്രെയിൻ ഇന്ന് രാവിലെ തെലങ്കാനയിൽ നിന്ന് ജാർഖണ്ഡിലേക്ക് പുറപ്പെട്ടിരുന്നു.

സുരക്ഷിത അകലം പാലിച്ച് ഒരു കോച്ചിൽ 54 പേർ വീതം 1200 തൊഴിലാളികളെയാണ് ഒര സ്പെഷ്യല്‍ ട്രെയിനില്‍ കൊണ്ടു പോകുന്നത്. പരിശോധനകൾ നടത്തി കൊവിഡ് ലക്ഷണങ്ങൾ യാതൊന്നുമില്ലാത്ത തൊഴിലാളികളെ ജില്ലാ ഭരണകൂടങ്ങൾ നിശ്ചയിക്കും. എറണാകുളം ജില്ലയിലെ ഒന്നര ലക്ഷം തൊഴിലാളികളുടെ രജിസ്ട്രേഷൻ രണ്ടു ദിവസം കൊണ്ട് പൂർത്തിയാക്കാനാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആലുവ, പെരുമ്പാവൂർ മേഖലകളിൽ ജോലി ചെയ്തിരുന്നവരാണ് ഇന്ന് നാട്ടിലേക്ക് മടങ്ങുക. സംസ്ഥാന തൊഴിൽ വകുപ്പ് മുഖാന്തിരം പേര് രജിസ്റ്റർ ചെയ്തവരെ മാത്രമാണ് പോകാൻ അനുവദിക്കുക. സാമൂഹിക അകലം പാലിക്കാവുന്ന വിധത്തിലാണ് ഇവർക്ക് ഇരിപ്പിടം ഒരുക്കുകയെന്ന് തൊഴിൽ വകുപ്പ് അധികൃതർ അറിയിച്ചു. പരിശോധനക്കുൾപ്പെടെ സൗകര്യങ്ങൾ റെയിൽവെ സ്റ്റേഷനിലും ഒരുക്കും. ലക്ഷ്യസ്ഥാനം നിശ്ചയിക്കുന്നതും യാത്രക്കാരെ തിരഞ്ഞെടുക്കുന്നതുമുൾപ്പെടെ സർക്കാരാണ് നിശ്ചയിക്കുക. സ്റ്റേഷനിൽ ടിക്കറ്റ് നൽകുന്നതുൾപ്പെടെ പതിവ് സംവിധാനങ്ങളുണ്ടാകില്ല. സംസ്ഥാനം തിരിച്ച് കണക്കെടുത്ത് ഓരോ സംസ്ഥാനങ്ങളിലേക്കും പ്രത്യേക ട്രെയിനുകൾ ഓടിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.

നാളെ അഞ്ച് പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിനുകളാണ് സംസ്ഥാനത്ത് നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളുമായി പോകുന്നത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ നിന്നാകും ട്രെയിനുകൾ പുറപ്പെടുക. വിവിധ സംസ്ഥാനങ്ങളുമായി ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ചർച്ചകൾ നടത്തുകയാണ്.

ഇതര സംസ്ഥാന തൊഴിലാളികളെ സംസ്ഥാനത്തിന്‍റെ വിവധ ഭാഗങ്ങളില്‍ സ്ഥാപിച്ചികരിക്കുന്ന 20,826 ക്യാമ്പുകളിൽ ആയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇത്തരം ക്യാമ്പുകളിൽ 3.61 ലക്ഷം തൊഴിലാളികളാണ് ഉള്ളത്. സംസ്ഥാനത്ത് മൊത്തം 10 ലക്ഷം വരെ അന്യ സംസ്ഥാന തൊഴിലാളികള്‍ ഉണ്ടാകുമെന്നാണ് തൊഴിൽ വകുപ്പിന്റെ കണക്കുകൂട്ടല്‍ . ആവാസ് ഇൻഷ്വറൻസിൽ മാത്രം 5 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊഴിലിനും പഠനത്തിനും മറ്റാവശ്യങ്ങൾക്കും വന്നു താമസിക്കുവരെ അന്യ സംസ്ഥാനക്കാരെ കൂടി കണക്കിലെടുത്താൽ ഏകദേശം അഞ്ച് ലക്ഷത്തോളം പേർ കേരളത്തില്‍ നിന്ന് മടങ്ങിപ്പോകാനുണ്ടാകും എന്നാണ് കണക്കാക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •