അന്ത്യം കാണാത്ത കര്‍ണാടക നിയമസഭാ നടപടികൾക്ക് അർധരാത്രിയോടെ അവസാനം

Print Friendly, PDF & Email

അന്ത്യം കാണാത്ത കര്‍ണാടക നിയമസഭാ നടപടികൾക്ക് അർധരാത്രിയോടെ അവസാനം. പ്രസംഗം മണിക്കൂറുകള്‍ നീട്ടി എങ്ങനെയെങ്കിലും വിപ്പിന്‍റെ കാര്യത്തില്‍ സുപ്രീം കോടതിയുടെ വിധി വരുന്നതു വരെ സഭാ നടപടികള്‍ നീട്ടിവക്കുവാനുള്ള ഭരണകക്ഷികളുടെ തന്ത്രങ്ങളാണ് വോട്ടെടുപ്പ് നടത്താതെ സഭ അനശ്ചിതമായി നീളുവാന്‍ കാരണം. അനിശ്ചിതമായി സഭാസമ്മേളനം നീട്ടികൊണ്ടുപോകന്നതിനെതിരെ രംഗത്തുവന്ന സ്പീക്കര്‍ കെആര്‍ രമേശ് ഇന്ന് നാലുമണിക്ക് മുന്പ് ചര്‍ച്ച അവസാനിപ്പിക്കണമെന്നും ആറുമണിക്കുമുന്പ് വിശ്വാസപ്രമേയം വോട്ടിനിടുമെന്നും ഭരണകക്ഷി നേതാക്കള്‍ക്ക് മന്നറിയിപ്പ് നല്‍കി ആര്‍ദ്ധരാത്രിയോടെ 12 മണിക്കൂറിലേറെ നീണ്ട സഭ സമ്മേളനം പിരിയുകയായിരുന്നു.

അധികാരത്തിൽ നിന്ന് താഴെപ്പോയാൽ വിമതരെ അയോഗ്യരാക്കിയിട്ടേ പോകൂ എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ദൾ – കോൺഗ്രസ് നേതൃത്വങ്ങൾ. വിമത എംഎല്‍എ മാരെ സഭയില്‍ ഹാജരാകുന്നതില്‍ നിര്‍ബ്ബന്ധിക്കുവാന്‍ പാടില്ല എന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശമാണ് അതിനു തടസ്സമായി നില്‍ക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിപ്പുനല്‍കുവാനുള്ള അവകാശത്തില്‍ ഈ ഉത്തരവ് കൈകടത്തലാണെന്നും അതിനാല്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ തീര്‍പ്പുണ്ടാകുന്നതുവരെ രാജി നീട്ടികൊണ്ടു പോവുക എന്ന നിലപാടിലാണ് സര്‍ക്കാര്‍.

ഇതിനിടെ വിമത എംഎൽഎമാരെ അയോഗ്യരാക്കുമെന്ന പരോക്ഷ മുന്നറിയിപ്പുമായി സ്പീക്കർ തന്നെ രംഗത്തുവന്നു. രാജിവച്ച എംഎല്‍എമാരോട് അയോഗ്യത സംബന്ധിച്ച് കോൺഗ്രസ് നൽകിയ നോട്ടീസിൽ വിശദീകരണം നൽകാൻ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സ്പീക്കറുടെ മുന്പില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസയച്ചു.

15 ദിവസമെങ്കിലും സമയം നൽകണമെന്ന് വിമതർ സ്പീക്കറോട് അപേക്ഷിച്ചു വെങ്കിലും ഇക്കാര്യത്തില്‍ ഇന്നുതന്നെ തന്നെ വന്ന് കണ്ടേ തീരൂവെന്ന കടുത്ത നിലപാടിലാണ് സ്പീക്കര്‍. വന്നുകണ്ടില്ല എങ്കില്‍ വിമത എംഎൽഎമാർ അയോഗ്യരാകും എന്ന മുന്നറിയിപ്പും സ്പീക്കര്‍ നല്‍കി കഴിഞ്ഞു.

കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് വിപ്പ് ലംഘിച്ചു എന്ന് കണ്ടെത്തി അയോഗ്യരാക്കിയാൽ അടുത്ത ആറ് വർഷത്തേക്ക് മത്സരിക്കാനാകില്ല. ദിനം പ്രതി മാറികൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ അത് മിക്ക വിമത എംഎൽഎമാരുടേയും രാഷ്ട്രീയ അന്ത്യമായിരിക്കും. ഇതിനിടെ, വിമത എംഎൽഎമാരുടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണനാപ്പട്ടികയിൽ ആറാമതായി ഉൾപ്പെടുത്തിട്ടുണ്ട്. ഇതിലുള്ള സുപ്രീം കോടതി തീരുമാനത്തെ ആശ്രയിച്ചിരിക്കും വിമതഎംഎല്‍എ മാരുടെ രാഷ്ട്രിയ ഭാവി.

  •  
  •  
  •  
  •  
  •  
  •  
  •