അംബര ബിംബങ്ങൾ…

Print Friendly, PDF & Email

പ്രതിമകൾക്കു രാഷ്ട്രീയമില്ലായിരിക്കാം.. പക്ഷെ പ്രതിമകൾ സൃഷ്ടിക്കുന്നവർക്ക് തീർച്ചയായും രാഷ്ട്രീയമുണ്ട്. ഒരു ജനതയുടെ അന്ധതയെ ചൂഷണം ചെയ്യുന്ന കാപട്യത്തിന്റെ വോട്ടു രാഷ്ട്രീയം

182 മീറ്റർ ഉയരമുള്ള ഉരുക്കു മനുഷ്യന്റെ ഉരുക്കു പ്രതിമയ്ക്കു പിന്നാലെ കാവേരി മാതാവുമായി കർണ്ണാടകവും, ബുദ്ധപ്രതിമയുമായി ബീഹാറും, ദേ ഇപ്പോൾ 221 മീറ്റർ വലിപ്പത്തിൽ ശ്രീരാമ ശിലയുമായി ഉത്തര പ്രദേശും രംഗത്തു വന്നിരിക്കുന്നു…

നാടൊട്ടുക്കു പ്രതിമകൾ പ്രതിഷ്ഠിച്ച് ഇവർ എന്തു സ്ഥാപിക്കാനാണാവോ ശ്രമിക്കുന്നത്..?

ഉത്തര പ്രദേശിലാകമാനം മത്തേഭ പ്രതിമ നിരത്തി സായൂജ്യം കൊണ്ട ഒരു വനിതാ മുഖ്യമന്ത്രിയുണ്ടായിരുന്നു.. അവരുടെ ‘ആന’ക്കാഴ്ചയൊക്കെ മായക്കാഴ്ചയായത് അധികം പഴകാത്ത രാഷ്ടീയ ചരിത്രമായി നമുക്കു മുന്നിലുണ്ട്. ആശയപരമായ പുരോഗമന മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടാനില്ലാത്തവർക്ക് ഇത്തരം ശേഷിയറ്റ നിർജ്ജീവ ബിംബങ്ങൾ തന്നെ ശരണം. ആകാശം മുട്ടെ ഇത്തരം വിഗ്രഹങ്ങൾ കെട്ടിപ്പൊക്കുന്നതിനു പിന്നിലെ രാഷ്ട്രീയം വർഗ്ഗീയതയുടെ വോട്ടു രാഷ്ട്രീയമല്ലെങ്കിൽ പിന്നെ മറ്റെന്താണു്…?

മതവും വർഗ്ഗീയതയും തലയ്ക്കു പിടിച്ച ഇന്ത്യൻ സമൂഹത്തോട് സംവദിക്കാൻ ഇത്തരം mythological concept തന്നെ ഇപ്പോഴും വേണമെന്നത് നാം ഇന്നു നേരിടുന്ന ജനാധിപത്യ വെല്ലുവിളി തന്നെയാണ്. ആദ്യം അവർ നമ്മളെ അമ്പലങ്ങളിലെയും പള്ളികളിലെയും വിഗ്രഹം കാട്ടി പ്രലോഭിച്ചു.. ഇപ്പോളവർ ദൈവങ്ങളെയൊക്കെ ആകാശ ഗോപുരങ്ങളിൽ പ്രതിഷ്ഠിച്ച് നമ്മുടെ തലച്ചോറിനെ മഥിക്കുകയാണ്.

അതെ ….എങ്ങിനെയും ജയിക്കാനുള്ള തന്ത്രങ്ങളുടെ അവസാനത്തെ ഇനം തന്നെയാണ് ഈ അംബരബിംബങ്ങൾ ..

– തങ്കച്ചന്‍ പന്തളം
  •  
  •  
  •  
  •  
  •  
  •  
  •  

Pravasabhumi Facebook

SuperWebTricks Loading...