|
Written by M.J.Francis
|
|
Saturday, 26 May 2012 10:08 |
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്തെന്നു പശ്ചിമഘട്ടത്തെക്കുറിച്ചു പഠിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. അതീവ ദുര്‍ബല മേഖലയായ സോണ്‍ ഒന്നിലാണു മുല്ലപ്പെരിയാര്‍ അണക്കെട്ടു സ്ഥിതി ചെയ്യുന്ന പീരുമേട് താലൂക്കിനെ കമ്മിറ്റി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 മെഗാവാട്ടില്‍ അധികം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പുതിയ ഡാം ഇത്തരം പ്രദേശങ്ങളില്‍ നിര്‍മിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോണ്‍ ഒന്നില്‍പ്പെടുന്ന മേഖലകളില്‍ മണല്‍ വാരാനോ കരിങ്കല്‍ ക്വാറികള്‍ തുടങ്ങാനോ അനുവദിക്കരുതെന്നും റിപ്പോര്‍ട്ട് പറയുന്നു.ഈ പ്രദേശത്തുള്ള 30 മുതല്‍ 50 വരെ വര്‍ഷംപഴക്കമുളള ഡാമുകള്‍ ഡീകമ്മീഷന്‍ ചെയ്യണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഏറ്റവും ഗുരുതരമായ സോണ്‍ ഒന്നില്‍പ്പെടുന്ന പീരുമേട് താലൂക്കില്‍ പുതിയ അണക്കെട്ടുകള്‍ക്ക് അനുമതി നല്‍കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കരുതെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്.പശ്ചിമഘട്ടത്തിലെയും അതിനോടുചേര്‍ന്ന പ്രദേശങ്ങളിലെയും ജൈവവൈവിധ്യ പ്രദേശങ്ങള്‍ കണ്െടത്താനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണു പ്രഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായുള്ള കമ്മിറ്റിയെ നിയോഗിച്ചത്. ആറുമാസംമുമ്പ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അത് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണു പരിസ്ഥിതി മന്ത്രാലയം ഇപ്പോള്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. റിപ്പോര്‍ട്ടിനെക്കുറിച്ച് ആക്ഷേപമുണ്ടങ്കില്‍ 45 ദിവസത്തിനകം അതു സമര്‍പ്പിക്കണം.
 |